ഒഴുകുമീ പുഴയുടെ തീരത്തു നിന്നപ്പോള്‍
ഒഴുക്കിന്‍റെ താളത്തില്‍ എന്നോടു ചൊല്ലി
പുഴ തന്‍റെ പരിഭവങ്ങളേറേയായ്
" കാലങ്ങള്‍ക്കെത്രയോ മുന്‍പു തന്നെ
ഈ കാണും കരയുടെ സഖിയാണ് ഞാന്‍
അന്നൊക്കെ എന്നില്‍ നിറഞ്ഞൊഴുകി
സപ്തവര്‍ണ്ണത്തിന്‍ ലാസ്യങ്ങളെല്ലാം
(വിണ്ണിന്‍)നിലാവ് കൊതിപൂണ്ടു നിന്നെന്‍റെ
കവിളില്‍ പ്രകാശം ചൊരിഞ്ഞിരുന്നു
കാത്തിരുന്നെന്നെ മാറോടു ചേര്‍ക്കാന്‍
കാതങ്ങള്‍ക്കപ്പുറം തിരയുമായ് കാന്തന്‍
പെറ്റമ്മയെപ്പോല്‍ വളര്‍ത്തി നിന്‍
പൈദാഹമെല്ലാം ശമിപ്പിച്ചു
നിന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു ഞാന്‍
എന്നില്‍ ലയിപ്പിച്ചു ദൂരെയകറ്റി
നിന്‍റെ പാട്ടിന്നു ഈണമായ് മാറി
നിന്‍റെ നൃത്തത്തിന്നു താളമേകി
ചടുലമാം യാത്രയ്ക്ക് നെഞ്ചുകീറി
നിന്‍റെ മാര്‍ഗ്ഗങ്ങള്‍ എല്ലാം ഞാന്‍ ഒരുക്കി
നിന്‍റെ സാമ്രാജ്യത്തിന്നടിവേരു നല്‍കി
മോഹങ്ങള്‍ക്കെല്ലാം പുതു ജീവന്‍ നല്‍കി
എന്നിട്ടും എന്നെ നീ വികൃതമാക്കി
പാരിന്നു മുന്നില്‍ പരിഹാസ്യയാക്കി
നിലാവും കടലും വഴിപിരിഞ്ഞു
എന്‍റെ യാത്രയ്ക്ക് നീ ലക്ഷ്യം മറച്ചു
മാലിന്യമെല്ലാം എന്നില്‍ ഒഴുക്കി
എന്‍ ചോരയില്‍ നീ ഇന്നു വിഷം കലര്‍ത്തി
താങ്ങാന്‍ കഴിയാത്ത ഭാരം ചുമത്തി
തീരാ വ്യാധിയിലെന്നെ ആഴ്ത്തി
സൗധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ നീ
എന്‍റെ ഗര്‍ഭപാത്രത്തിനെ കാര്‍ന്നു തിന്നു
തെറ്റുകള്‍ എല്ലാം ചെയ്തിട്ട് പോലും നീ
കുറ്റങ്ങള്‍ എല്ലാം എനിക്കു നല്‍കി
ഇനിയുമെന്‍ തീരത്തിരുന്നു കൊള്ളൂ....
അന്നും ഇന്നും എനിക്ക് നീ പുത്രനാണ് ."
അനീഷ് പുതുവലില്‍
ചിത്രത്തിനു കടപ്പാട് : Google