"ഒരു മാറ്റത്തിന് ...ഒരു ശുദ്ധീകരണത്തിന് ..നമുക്ക് ഒരുമിക്കാം

Tuesday, February 19, 2013

സൂര്യന്‍ഒരു സൂര്യന്‍
എന്‍റെ പുറകെ
കൂടിയിട്ടുണ്ട്

ഓര്‍മ്മകളെ കൊറിച്ച്
കോലായില്‍ ഇരിക്കുമ്പോള്‍ ,

മേല്‍ക്കൂര തുളച്ചെത്തുന്ന
ആകാശത്തോടൊപ്പം
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ,

നിറയെ തിരക്കുള്ള
തീവണ്ടിയിലെ
ഒറ്റപ്പെട്ട യാത്രകളില്‍

ഒക്കെ പെട്ടന്ന് ഉദിക്കും

ഓരോ ഇരുട്ടിനെയും
തിരഞ്ഞു പിടിച്ച്
വിചാരണ ചെയ്യും

സാക്ഷികളെ നിരത്തി
വിസ്തരിക്കും
തെളിവുകള്‍ കാട്ടി
ഉത്തരം മുട്ടിക്കും

വാദങ്ങളും
പ്രതിവാദങ്ങളും
കഴിഞ്ഞ്
ശിക്ഷ വിധിക്കും മുന്‍പ്
അസ്തമിക്കും

അതോടെ
കോലായില്‍ തിക്കും തിരക്കും ആകും
ആകാശം, മേഘങ്ങള്‍ക്ക്
പിറകില്‍ പരുങ്ങും
തിരക്കുകളില്‍ അലിഞ്ഞ്
തീവണ്ടി മറയും ...

                                                           അനീഷ്‌ പുതുവലില്‍