"ഒരു മാറ്റത്തിന് ...ഒരു ശുദ്ധീകരണത്തിന് ..നമുക്ക് ഒരുമിക്കാം

Tuesday, October 11, 2011

പുഴഒഴുകുമീ പുഴയുടെ തീരത്തു നിന്നപ്പോള്‍

ഒഴുക്കിന്‍റെ താളത്തില്‍ എന്നോടു ചൊല്ലി

പുഴ തന്‍റെ പരിഭവങ്ങളേറേയായ്


" കാലങ്ങള്‍ക്കെത്രയോ മുന്‍പു തന്നെ

ഈ കാണും കരയുടെ സഖിയാണ് ഞാന്‍


അന്നൊക്കെ എന്നില്‍ നിറഞ്ഞൊഴുകി

സപ്തവര്‍ണ്ണത്തിന്‍ ലാസ്യങ്ങളെല്ലാം


(വിണ്ണിന്‍)നിലാവ് കൊതിപൂണ്ടു നിന്നെന്‍റെ

കവിളില്‍ പ്രകാശം ചൊരിഞ്ഞിരുന്നു


കാത്തിരുന്നെന്നെ മാറോടു ചേര്‍ക്കാന്‍

കാതങ്ങള്‍ക്കപ്പുറം തിരയുമായ് കാന്തന്‍


പെറ്റമ്മയെപ്പോല്‍ വളര്‍ത്തി നിന്‍

പൈദാഹമെല്ലാം ശമിപ്പിച്ചു


നിന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു ഞാന്‍

എന്നില്‍ ലയിപ്പിച്ചു ദൂരെയകറ്റി


നിന്‍റെ പാട്ടിന്നു ഈണമായ് മാറി

നിന്‍റെ നൃത്തത്തിന്നു താളമേകി


ചടുലമാം യാത്രയ്ക്ക് നെഞ്ചുകീറി

നിന്‍റെ മാര്‍ഗ്ഗങ്ങള്‍ എല്ലാം ഞാന്‍ ഒരുക്കി


നിന്‍റെ സാമ്രാജ്യത്തിന്നടിവേരു നല്‍കി

മോഹങ്ങള്‍ക്കെല്ലാം പുതു ജീവന്‍ നല്‍കി


എന്നിട്ടും എന്നെ നീ വികൃതമാക്കി

പാരിന്നു മുന്നില്‍ പരിഹാസ്യയാക്കി


നിലാവും കടലും വഴിപിരിഞ്ഞു

എന്‍റെ യാത്രയ്ക്ക് നീ ലക്ഷ്യം മറച്ചു


മാലിന്യമെല്ലാം എന്നില്‍ ഒഴുക്കി

എന്‍ ചോരയില്‍ നീ ഇന്നു വിഷം കലര്‍ത്തി


താങ്ങാന്‍ കഴിയാത്ത ഭാരം ചുമത്തി

തീരാ വ്യാധിയിലെന്നെ ആഴ്ത്തി


സൗധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ നീ

എന്‍റെ ഗര്‍ഭപാത്രത്തിനെ കാര്‍ന്നു തിന്നു


തെറ്റുകള്‍ എല്ലാം ചെയ്തിട്ട് പോലും നീ

കുറ്റങ്ങള്‍ എല്ലാം എനിക്കു നല്‍കി


ഇനിയുമെന്‍ തീരത്തിരുന്നു കൊള്ളൂ....

അന്നും ഇന്നും എനിക്ക് നീ പുത്രനാണ് ."


                                                       അനീഷ്‌ പുതുവലില്‍

ചിത്രത്തിനു കടപ്പാട് : Google

18 comments:

 1. ഒരു നദീമാതാവിന്റെ കരച്ചിൽ,
  എല്ലാവരും കരയുന്നു ഫലം തുച്ചമാണെങ്കില്ലും ആശംസകൾ...

  ReplyDelete
 2. നദികള്‍ വെറും ഒരു ജല പ്രവാഹമല്ല അതൊരു നാടിന്റെ ജീവ നാടിയാണ് ഒരു സംസ്കാരം ആണ് ...

  നല്ല കവിത ........അഭിനന്ദനങ്ങള്‍
  ഇനിയും തൂലികയില്‍ അക്ഷരങ്ങള്‍ ഒഴുകിയിരങ്ങട്ടെ സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍

  ReplyDelete
 3. 'ആയിരം പാദസരങ്ങള്‍ ' കിലുക്കിയിരുന്ന പുഴകളിലിന്ന്‍ ആര്‍ത്ത വിലാപങ്ങളുടെ കണ്ണീരോളങ്ങള്‍ ....!

  ReplyDelete
 4. മനസ്സിനെ വല്ലാതെ ഉലച്ച ഒരു കവിത..നല്ല ശൈലി..ആശംസകള്‍.

  ReplyDelete
 5. പുഴ...പറഞ്ഞറിയിയ്ക്കാന്‍ ആവാത്ത ഒരു അനുഭൂതിയാണ്‍ അവള്‍..
  അവളെ തൊട്ടറിയിച്ച വരികള്‍...വളരെ നന്നായിരിയ്ക്കുന്നൂ...ആശംസകള്‍.

  ReplyDelete
 6. പുഴയൊഴുകും വഴി

  ReplyDelete
 7. പുതുവേലി ക്കവിത വായിച്ചു. ഒരു നദിയുടെ രോദനവും,സാത്വിക ഭാവവും,ക്ഷമയും എല്ലാം കവിതയില്‍ ദ്യോതിപ്പിക്കുന്നുണ്ട്.കാല്‍പ്പനിക കാലത്തെ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.
  ഇനി പുതു ക്കവിതകളും എഴ്തുക.ആശംസകള്‍

  ReplyDelete
 8. ഒരു പക്ഷെ നമ്മുടെ പുഴ കള്‍ക്ക് വായുണ്ടായിരുന്നെങ്കില്‍ ഈ കവിതയിലെ പുഴ പറയുമായിരുന്നു നല്ല ചിട്ടയില്‍ താളത്തില്‍ എയുതി ശബ്ദാവിഷ്ക്കാരവും നന്നായി

  ReplyDelete
 9. പ്രിയപ്പെട്ട അനീഷ്‌, കവിത ഒത്തിരി ഇഷ്ട്ടമായി. മക്കള്‍ എന്ത് ചെയ്താലും അമ്മ ക്ഷമിക്കും. അത് പോലെ..നല്ല വരികള്‍.
  സ്വന്തം അമ്മമാരെ കൊല്ലുന്ന മക്കള്‍ക്ക്‌ വീണ്ടും ഒന്നു ചിന്തിക്കാന്‍ ഉള്ള നല്ല കവിത..പുഴ. പ്രകൃതിയെ എത്ര ചൂഷണം ചെയ്തിട്ടും മതിയാവാത്ത
  മനുഷ്യന്റെ ആര്‍ത്തി. അത് അറിഞ്ഞുട്ടും എല്ലാം സഹിച്ചു ഒരു അമ്മയെ പോലെ...അഭിനന്ദനങ്ങള്‍ ..ഒരായിരം അഭിനന്ദനങ്ങള്‍ അനീഷ്‌.
  കവിയൂരിന്റെ കവിത പാരായണം ശ്രവിച്ചു. മനോഹരം ആയിട്ടുണ്ട്‌.. എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..
  www.ettavattam.blogspot.com

  ReplyDelete
 10. സൗധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ നീ
  എന്‍റെ ഗര്‍ഭപാത്രത്തിനെ കാര്‍ന്നു തിന്നു
  -------
  വളരെ നന്നായിരിക്കുന്നു...

  ReplyDelete
 11. പുഴയുടെ പരിഭവങ്ങള്‍ മനസ്സില്‍ തട്ടി...

  ReplyDelete
 12. സൗധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ നീ
  എന്‍റെ ഗര്‍ഭപാത്രത്തിനെ കാര്‍ന്നു തിന്നു

  എല്ലായിടതും ഇതു തന്നെയല്ലെ..ആരുടെ നെഞ്ചത്ത് കേറിയാലും വേണ്ടില്ല നമ്മുടെ കാര്യം നടക്കണം.. (വീഡിയോ കാണാനും കേൾക്കാനും പറ്റിയില്ല)

  നന്നായിരിക്കുന്നു.. ആശംസകൾ..!!

  ReplyDelete
 13. കൊള്ളാം..അനീഷ്‌...പ്രക്രതിയുടെ ഞരന്പ് ആണ് പുഴകള്‍ ..അതിനെ വര്‍ണിക്കാന്‍ വാക്കുകളില്ല..
  എന്നാലും ഈ കവിത എനിക്കിഷ്ട്ടപ്പെട്ടു..

  ReplyDelete
 14. വളരെ നന്ദി മധു ,മുഹമ്മദ്‌ കുട്ടി മാഷേ,ഷാനവാസ്‌ സര്‍ ,വര്‍ഷിണി ,അജിത്തെട്ടാ ,അബ്ദുല്‍ നിസ്സാര്‍ സര്‍ ,കൊമ്പന്‍ ഭായ് ,ഷൈജു ഭായ് , സംഗീതക്കുട്ടി,ലിപി ജി ,തസ്ലീമലി കുടാതെ പേരറിയാത്ത രണ്ടു സുഹൃത്തുക്കള്‍ക്കും (ആയിരങ്ങളില്‍ ഒരുവന്‍ & സങ്കല്‍പ്പങ്ങള്‍ )

  ReplyDelete
 15. കവിതയും ആലാപനവും ദൃശ്യവിരുന്നും അതിഗംഭീരം തന്നെ. നമ്മുടെ പ്രക്രതിയെയും പുഴകളെയും വയലുകളേയും കാലികളെയും കുന്നും മലയും കായലും --- എല്ലാം ആത്മാര്‍ഥമായി സ്നേഹിക്കുന്നവരുടെ കണ്ണ് നനയിക്കും ഈ കവിത , തീര്‍ച്ച. നമ്മുടെ പ്രക്രതി നമ്മുടെ അമ്മ തന്നെയാണ്.

  ഇന്നത്തെ 'ഇരിപ്പിടം' വഴിയാണ് ഇവിടെയെത്തിയത്.
  നന്ദി, ഇരിപ്പിടത്തിനും ശ്രീമതി ലിപി രഞ്ജുവിനും.

  ReplyDelete
 16. ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്....

  പുഴയുടെ പരിഭവങ്ങള്‍ നന്നായിട്ടുണ്ട്...
  ചിത്രീകരണവും കലക്കി...


  ഭാവുകങ്ങള്‍...

  ReplyDelete
 17. നന്നായിട്ടുണ്ട്. ഇരിപ്പിടം വഴിയാണു ഇവിടെ എത്തിയത്. എല്ലാ ആശംസകളും.

  ReplyDelete